ന്യൂഡല്‍ഹി: ഇസ്രയേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ വിഷയത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
വിധി പ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെ കോടതി വിമർശിച്ചു. കേസിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരിൽ സർക്കാരിന് എന്തും ചെയ്യാൻ പറ്റില്ലെന്നും കോടതി അറിയിച്ചു. എട്ട് ആഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും.
നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി.പ്രഭാകരൻ, ബോംബേ ഐഐടിയിലെ ഡോ.അശ്വിൻ അനിൽ ഗുമസ്തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നൽകാനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.