കോവിഡ് 19 പ്രതിരോധം: കേരളത്തെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി

0
33

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികളെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുട്ടികൾക്ക് നൽകി വന്നിരുന്ന ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിച്ച് നൽകാനുള്ള നടപടികളെ എടുത്ത് പറഞ്ഞായിരുന്നു പ്രശംസ.

കേരളത്തിൽ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്തു ചെയ്യുകയാണെന്ന് അറിയണമെന്നും ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു. നേരത്തെ ജയിലുകളിൽ കൊറോണയെ പ്രതിരോധിക്കാൻ കേരള സര്‍ക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങളും കോടതിയുടെ അഭിനന്ദനം ഏറ്റു വാങ്ങിയിരുന്നു.

കൊറോണ വ്യാപനം തടയാൻ കേരളത്തിലെ ജയിലുകളിൽ ഐസോലേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണം പ്രകടിപ്പിക്കുന്ന പ്രതികളെ ഐസോലേഷനായി തയ്യാറാക്കിയ പ്രത്യേക സെല്ലിലേക്ക് മാറ്റും. അതുപോലെ തന്നെ പുതിയതായി എത്തുന്ന പ്രതികളെയും ആറു ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സെല്ലുകളിലേക്ക് മാറ്റുന്നത്. കേരളത്തിലെ ജയിലുകളിലും തീഹാറിലും ഒഴികെ മറ്റെവിടെയും ഈ സജ്ജീകരണം ഇല്ലെന്നായിരുന്നു കോടതിയുടെ വാക്കുകൾ.