ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടു വരുന്നത് സാധ്യമല്ലെന്ന് സുപ്രീം കോടതി. എവിടെയാണോ അവിടെത്തന്നെ തുടരണമെന്നും പ്രവാസികളോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് കുടുങ്ങിയ ആളുകളെ തിരികെ കൊണ്ടു വരാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് യാത്ര അനുവദിച്ചാൽ കേന്ദ്രം ഏർപ്പെടുത്തിയ യാത്രാവിലക്കിന് വിരുദ്ധമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാൽ വിദേശത്തുള്ളവർക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് കേന്ദ്രം യാത്രാവിലക്ക് പ്രഖ്യാപിച്ചത്.