കുവൈറ്റ്: പൊതുഗതാഗത സംവിധാനങ്ങൾക്ക് പിന്നാലെ കുവൈറ്റിൽ ടാക്സി സര്‍വീസുകളും നിർത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ടാക്സി സർവീസുകളും നിർത്തി വച്ചത്. സർക്കാർ വക്താവ് താരിഖ് അൽ മസ്റം ആണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ ടാക്സി സർവീസുകൾ നിർത്തി വയ്ക്കുകയാണെന്ന വിവരം അറിയിച്ചത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നേരത്തെ തന്നെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തി വച്ചിരുന്നു. ആ സാഹചര്യത്തിൽ സാധാരണക്കാരും തൊഴിലാളികളും അടക്കം ആശ്രയിച്ചിരുന്നത് ടാക്സികളെയാണ്. ആ സർവീസുകൾ കൂടി നിർത്തിയതോടെ ജനജീവിതം കൂടുതൽ സ്തംഭിക്കും.
ഇതിന് പുറമെ ടാക്സി വിലക്ക് രൂക്ഷമായി ബാധിക്കുക സാധാരണക്കാരായ ഡ്രൈവർമാരെയാണ്. രാജ്യത്തെ ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും മലയാളികൾ അടക്കമുള്ള പ്രവാസികളാണ്. വരുമാനം നിലയ്ക്കുന്നതോടെ കടുത്ത പ്രതിസന്ധികളാകും ഇവർക്ക് നേരിടേണ്ടി വരിക.