ദോഹ: ഖത്തറിൽ വെച്ച് താലിബാനുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയിൽനിന്ന് അഫ്ഗാന്‍ സര്‍ക്കാർ പ്രതിനിധി സംഘം അവസാന നിമിഷം പിന്‍മാറി.
പ്രതിനിധി സംഘത്തിന്റെ ദോഹയിലേക്കുള്ള യാത്ര താല്‍ക്കാലികമായി നീട്ടിവച്ചതായാണ് പുതുതായി പുറത്തുവന്നിരിക്കുന്ന വാർത്തകൾ. അഫ്ഗാന്‍ മാധ്യമ സ്ഥാപനമായ പജ്‌വോക്കിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദോഹ ന്യൂസാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്താനിലെ ഭാവി സര്‍ക്കാരിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കായി പ്രതിനിധി സംഘം ദോഹയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ പിന്‍മാറ്റത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തി. ദോഹയിലെ താലിബാന്‍ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി മുല്ല അബ്ദുല്‍ ഗനി ബറദാറിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിലെ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കല്‍, ദേശീയ അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ശക്തിപ്പെടുത്തല്‍, സമാധാനപരമായ അധികാര കൈമാറ്റത്തിനും സമഗ്രമായ രാഷ്ട്രീയ ഒത്തുതീര്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരു വിഭാഗവും ഊന്നിപ്പറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം ഇക്കാലമത്രയും അഫ്ഗാന്‍ ജനത ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ഖത്തര്‍ വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞു