ഇന്ത്യ – കുവൈത്ത് നേരിട്ടുള്ള ആദ്യ വിമാന സർവീസ് വ്യാഴാഴ്ചയെന്ന് സൂചന

കുവൈത്ത് സിറ്റി : ഒന്നര വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള ആദ്യ വാണിജ്യ വിമാന സർവീസ് ഈ വ്യാഴാച പ്രതീക്ഷിക്കുന്നതായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈജിപ്തിൽ നിന്നുള്ള ആദ്യ നേരിട്ടുള്ള വിമാനങ്ങൾ വ്യാഴാഴ്ച പുലർച്ചെ എത്തും, അതിനുശേഷം ഇന്ത്യയിൽ നിന്ന് രണ്ട് വിമാന സർവീസുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കുവൈത്തിലെ എയർ നാവിഗേഷൻ വീണ്ടെടുക്കുന്നതിന് കാരണമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരെ സ്വീകരിക്കുന്നതിനായി സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ എയർപോർട്ടിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് സംവിധാനം വികസിപ്പിച്ചതായും
വ്യക്തമാക്കി.