ഹിസ്ബുല്ലയ്ക്ക് സാമ്പത്തിക സഹായം നൽകിയെന്ന് സംശയിക്കുന്നവരുടെ അവസാന സംഘത്തെയും വിട്ടയച്ചു

കുവൈറ്റ് സിറ്റി: ലെബനനിലെ ഇറാൻ അനുകൂല ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട  സുപ്രധാന കേസിൽ പ്രതി സ്ഥാനത്തുണ്ടായിരുന്ന സംഘത്തെ കുവൈത്ത് കോടതി വിട്ടയച്ചു. അവസാനത്തെ അഞ്ച് പ്രതികളെയാണ് പബ്ലിക് പ്രോസിക്യൂഷൻ 5,000 ദീനാറിൻ്റെ ജാമ്യത്തിൽ വിട്ടയച്ചത്. ഇതേ കേസിൽ, മറ്റ് മൂന്ന് പ്രതികളെ അടുത്തിടെ സമാന ജാമ്യവ്യവസ്ഥയിൽ വിട്ടയച്ചിരുന്നു. ഇവർ രാജ്യം വിട്ട് പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് ധനസഹായവും പിന്തുണയും നൽകിയെന്ന് കരുതപ്പെടുന്ന സംഘം കഴിഞ്ഞ നവംബറിലാണ് പിടിക്കപ്പെട്ടത് .

കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അന്വേഷണത്തിൽ പ്രതികൾ ഹിസ്ബുള്ളയ്ക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കുകയും ലെബനൻ പ്രസ്ഥാനവുമായി സഹകരിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സിറിയയിലേക്കും യെമനിലേക്കും മയക്കുമരുന്ന് കടത്താനും കുവൈറ്റ് യുവാക്കളെ പ്രേരിപ്പിച്ചു എന്നും കണ്ടെത്തിയിരുന്നു.