ബജറ്റ് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

Issac

തിരുവനന്തപുരം: മോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബജറ്റിൽ കേരളത്തിന് നിരാശയെന്ന് തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള വിമർശനമാണെന്നാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാനത്തിന്റെ നികുതി വിഹിതത്തില്‍ നടപ്പു വർഷത്തെക്കാൾ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് മൂലം സംസ്ഥാന ബജറ്റിൽ അധികവിഭവ സമാഹരണത്തിന് വേണ്ട നടപടികളെടുക്കാൻ സംസ്ഥാനം നിർബന്ധിതമാകും. ബജറ്റ് ചരിത്രത്തിൽ തന്നെ ഇത്തരമൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ലെന്നും കേരളത്തെ അറിഞ്ഞു കൊണ്ട് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര ശ്രമമെന്നും ധനമന്ത്രി ആരോപിച്ചു..

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കുറയാനല്ല മറിച്ച് മൂര്‍ച്ഛിക്കാനാണ് ഈ ബജറ്റ് ഇടയാക്കുകയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കനത്ത സാമ്പത്തിക തകർച്ച അഭിമുഖീകരിക്കുകയാണ് രാജ്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയുടെ വ്യാപാരം കുറഞ്ഞാൽ അത് ലോക സമ്പദ്ഘടനയെ തന്നെ ബാധിക്കും പക്ഷെ ഈ യാഥാർഥ്യങ്ങളെയൊന്നും അഭിമുഖീകരിക്കാൻ തയ്യാറാകാത്ത ബജറ്റാണ് കേന്ദ്രത്തിന്റെത്. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി ഉയരാനേ ഇത് ഇടയാക്കു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.