ന്യൂഡൽഹി: ഡൽഹി-ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞുകയറി അപകടം. മൂന്ന് സ്ത്രീകൾ മരിച്ചു. രണ്ടുപേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.
കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡൽഹി – ഹരിയാന അതിർത്തിയായ തിക്രിയിൽ കർഷകർ സമരം ചെയ്തു വരികയാണ്. ഇതിനടുത്താണ് ഇന്ന് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് നിന്നും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. മരിച്ച സ്ത്രീകൾ പഞ്ചാബിലെ മാൻസാ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.