ഇന്ത്യയടക്കം 35 രാജ്യങ്ങളുടെ യാത്രാവിലക്ക് പിൻവലിച്ചു; ഫെബ്രുവരി 21 മുതൽ നേരിട്ട് വിമാനസർവ്വീസ് അനുവദിക്കും

0
24

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം കോവിഡ് വ്യാപന തോത് കൂടിയ 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് കുവൈത്ത് പിൻവലിച്ചു. ഈ രാജ്യങ്ങളിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നിരോധിത രാജ്യങ്ങൾ എന്നതിനുപകരം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങൾ എന്ന പട്ടികയിലേക്ക് മാറ്റി. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ എത്തുന്ന എല്ലാ യാത്രക്കാരും “കുവൈത്ത് മൊസാഫർ” ആപ്പിൽ രജിസ്റ്റർ ചെയ്യണം. 14 ദിവസത്തേക്ക് സ്വന്തം ചെലവിൽ ഒരു പ്രാദേശിക ഹോട്ടലിൽ ക്വാറൻ്റൈൻ ഇരിക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏറ്റവും പുതിയ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറൻ്റൈൻ ഉണ്ടാകും. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 7 ദിവസത്തേക്ക് ഹോട്ടൽ ക്വാറൻ്റൈനും പിന്നീട് ഹോം ക്വാറൻ്റൈനും അനുഷ്ഠിച്ചാൽ മതി.

പുതിയ വിജ്ഞാപനമനുസരിച്ച്, വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികളായ രോഗികൾ, വിദേശത്ത് പഠിക്കുന്ന കുവൈത്ത് വിദ്യാർത്ഥികൾ, കൂടെ മറ്റാരും ഇല്ലാതെ യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ , നയതന്ത്ര ഉദ്യോഗസ്ഥർ മെഡിക്കൽ സ്റ്റാഫ് എന്നിവരെ സ്ഥാപനപരമായ ക്വാറൻ്റൈൻ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരെ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈന് വിധേയരാക്കും.

നേരത്തേയുള്ള നിർദ്ദേശമനുസരിച്ച് പ്രതിദിനം 1000 യാത്രക്കാരെ മാത്രമേ കുവൈത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. നിലവിൽ 43 ഹോട്ടലുകൾ മാത്രമാണ് ക്വാറൻ്റൈൻ സൗകര്യം ഏർപ്പെടുത്തുന്നതിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളത്. അതും ത്രീസ്റ്റാർ മുതൽ ഫൈസ്റ്റാർ ഹോട്ടലുകൾ വരെ. നേരത്തെ ഉണ്ടായിരുന്ന യാത്രാവിലക്ക് പിൻവലിച്ചെങ്കിലും രാജ്യത്ത് ലഭ്യമായ ക്വാറൻ്റൈൻ സൗകര്യങ്ങൾ അനുസരിച്ച് പ്രതിദിനം എത്ര പേരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കും എന്നതടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.