2018ൽ എൽഡിഎഫ് ഘടക കക്ഷിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) നിലവിൽ മത്സരിച്ചു വരുന്ന മൂന്ന് മണ്ഡലങ്ങളിൽ തന്നെ ഇത്തവണയും മത്സരിച്ചേക്കും. കോഴിക്കോട് സൗത്ത് , വള്ളിക്കുന്ന് കാസർഗോഡ് മണ്ഡലങ്ങളിലാണ് ഐഎൻഎൽ മത്സരിക്കുക. എൽ ഡി എഫിലേക്ക് പുതിയ ഘടകകക്ഷികൾ വന്നതുമൂലം മറ്റു പല പാർട്ടികൾക്കും നേരത്തെ മത്സരിച്ചിരുന്ന സീറ്റുകളിൽ കുറവ് വന്നുവെങ്കിലും ഐഎൻഎൽ ഇത്തവണയും മൂന്നു സീറ്റിൽ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. ന്യൂനപക്ഷങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും അവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നീക്കം. LDF ൽ അർഹമായ പരിഗണന ലഭിച്ചതിൽ ഐഎൻഎൽ പ്രവർത്തകരും ഏറെ സന്തോഷത്തിലാണ്.
കോഴിക്കോട് സൗത്ത് സീറ്റിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ കെ അബ്ദുൽ അസീസിനും ആണ് സാധ്യത. പാർട്ടി നേതൃത്വം അഹമ്മദ് ദേവർകോവിലിൻ്റെ പേരാണ് മുന്നോട്ടുവയ്ക്കുന്നത് എങ്കിലും സിപിഎമ്മിന് എൻ കെ അബ്ദുൽ അസീസ് മത്സരിക്കുന്നതിലാണ് താല്പര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സൗത്ത് മണ്ഡലത്തിൽ നിന്ന് ഐഎൻഎലിൻ്റെ എ പി അബ്ദുൽവഹാബ് ആയിരുന്നു ജനവിധി തേടിയത്. ആറായിരത്തിൽ പരം വോട്ടുകൾക്കാണ് അന്ന് മുസ്ലിം ലീഗിൻറെ ഡോക്ടർ എം കെ മുനീർ സൗത്ത് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ഐ എൻ എല്ലിലെ തന്നെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ മൂലം ഒരു വിഭാഗം അബ്ദുൽ വഹാബിന് എതിരായി പ്രവർത്തിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്ന് പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. ഇത്തവണ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വള്ളിക്കുന്നിൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ എ പി അബ്ദുൽ വഹാബ് മത്സരിക്കും.
കാസർകോട് ജില്ലയിൽ കാസർകോട് മണ്ഡലത്തിലാണ് ഐഎൻഎൽ മത്സരിച്ചു വരുന്നത്.
നിർണായകമായ കാസർകോട് സീറ്റിൽ ആരെ മത്സരിക്കണമെന്ന കാര്യത്തിൽ ജില്ലാകമ്മിറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡോ.എ.എ.അമീൻ ആയിരുന്നു ഐഎൻഎൽ സ്ഥാനാർഥി
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോഴും ഉൾപ്പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. പാർട്ടിയിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ വ്യത്യസ്ത അഭിപ്രായം ഉള്ളവരെ ഒതുക്കാൻ ശ്രമിക്കുന്നതായി നേരിത്തേ പരാതി ഉയർന്നിരുന്നു. ഐ എം സി സി ജി സി സി കമ്മിറ്റിയുമായി ദേശീയ നേതൃത്വം ഇടഞ്ഞുനിൽക്കുന്നതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ, ഇത് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്