സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പറന്നുയർന്നാണ് മിൽഖാ സിംഗ് ഇന്ത്യയുടെ പറക്കും സിംഗായി മാറിയത്. ഇന്ത്യ പാക് വിഭജനമാണ് മില്ക്കയുടെ ജീവിതം മാറ്റിമറിച്ചത്. മുസഫര്‍ഗഢിലായിരുന്നു അദ്ദേഹത്തിന്റെ ജനനം, ഇപ്പോഴത് പാകിസ്താനിലാണ്. വിഭജനവും തുടർന്നുണ്ടായ കലാപത്തിലും മിൽഖയുടെ മാതാപിതാക്കൾ വെട്ടിനുറുക്കപെട്ടു. 16 പേരടങ്ങുന്ന കൂടപ്പിറപ്പുകളിൽ എട്ടുപേര്‍ വിഭജനത്തിനു മുമ്പേ മരിച്ചു. പട്ടിണിയും പരിവട്ടവും പതിവായിരുന്നു. ജീവനും കയ്യില് പിടിച്ചുള്ള ഓട്ടമാണ് അദ്ദേഹത്തിന്ർറെ കാലുകള്ക്ക് ഈ വേഗത നല്‍കിയതെന്ന് വേണമെങ്കില്‍ പറയാം. ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ അതിജീവിക്കാൻ നിസ്സാര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു. പിടിക്കപ്പെട്ടപ്പോൾ ജയിലിൽ കിടന്നു. സൈന്യത്തിൽ ചേരാനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടു അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ദുരനുഭവങ്ങളുടെ ഭാരം പേറിയിരുന്നു മിൽഖാ..
പട്ടാളത്തില് ചേരണമെന്ന ആഗ്രഹം പൂർത്തീകരിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തല്‍ ജോലി ലഭിച്ചു. ആര്‍മ്മിയിലെ പരിശീലനമാണ് അദ്ദേഹത്തെ അത്‌ലറ്റാക്കി മാറ്റിയത്. ഹവില്‍ദാര്‍ ഗുര്‍ദേവ് സിങ്ങ് മിൽഖയിൽ മികച്ചൊരു സ്പ്രിന്റര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ദിവസേന ട്രെയ്‌നിങ്ങ് സമയത്ത് മില്‍ഖ ഓടുന്നത് കണ്ട ഗുര്‍ദേവ് വിളിപ്പിച്ചു. പട്ടാളക്കാര്‍ക്കുവേണ്ടി നടത്തുന്ന ഗെയിംസില്‍ 400 മീറ്ററില്‍ പങ്കെടുക്കാന്‍ പ്രാഥമിക പരിശീലനം നല്‍കി. ആര്‍മിയില്‍ പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965ലെ ദേശീയ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
ദേശീയ മീറ്റില്‍ മില്‍ഖയ്ക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മില്‍ഖ ഓടുന്ന ശൈലിയില്‍ ആകൃഷ്ടനായി അദ്ദേഹത്തെ മെല്‍ബണ്‍ ഒളിമ്ബിക്‌സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാര്‍ശ ചെയ്തു.

പ്രൊഫഷണല്‍ പരിശീലന ക്യാമ്പിൽ അതിവേഗം മിൽഖയുടെ പ്രകടനം മെച്ചപ്പെട്ടു. ക്യാമ്പിലെ മാറ്റ് സഹതാരങ്ങൾക്ക് മിൽഖയുടെ ചടുലതയും,വേഗവും സഹിക്കാൻ കഴിഞ്ഞരുന്നില്ല. തങ്ങളുടെ അവസരം നഷ്ടമാവുമെന്ന് ഭയന്ന അവർ രാത്രി ഉറങ്ങിക്കിടക്കുന്ന മില്‍ഖയെ ആക്രമിച്ചു. പിന്നീട് ഒളിമ്ബിക്‌സ് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ മില്‍ഖ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായി.
വര്‍ഷങ്ങളുടെ പരിശീലനവും അത് നല്‍കിയ ആത്മവിശ്വാസവുമായി 1960ല്‍ വീണ്ടുമൊരു ഒളിമ്ബിക്‌സില്‍ മല്‍സരിക്കാന്‍ റോമിലേക്ക് പോയി. മെഡല്‍ നേടാനാവുമെന്ന് ഉറപ്പിച്ചാണ് യാത്രതിരിച്ചത്. ഹീറ്റ്‌സില്‍ മികച്ച പ്രകടനം. അന്നത്തെ ഒളിമ്ബിക്‌സ് റെക്കോര്‍ഡ് തകര്‍ത്തു. ഫൈനലിനുമുമ്ബേ, മില്‍ഖയ്ക്കാവും സ്വര്‍ണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വെടിയൊച്ച കേട്ട ഉടന്‍ മുന്നോട്ട് കുതിച്ച മില്‍ഖയായിരുന്നു 200 മീറ്റര്‍ പിന്നിടുമ്ബോള്‍ മുന്നില്‍. പിന്നെ വലിയൊരു അബദ്ധം….
എത്ര പിന്നിലാണ് പ്രതിയോഗികള്‍ എന്നറിയാന്‍ തിരിഞ്ഞുനോക്കി. അത് വന്‍ദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേര്‍ മുന്നില്‍ക്കയറി. പിന്നെ മില്‍ഖ ഉള്‍പ്പെടെ രണ്ടുപേര്‍ ഒരുമിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വര്‍ണവും വെള്ളിയും നേടിയവരുടെ പേരുകള്‍ ഉടന്‍ അനൗണ്‍സ് ചെയ്തു. വെങ്കലമെഡല്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിങ്ങിലാണ് തീരുമാനം. കുറച്ചുകഴിഞ്ഞാണ് അനൗണ്‍സ്‌മെന്റ് വന്നത്. സെക്കന്റിന്റെ പത്തില്‍ ഒരംശം വ്യത്യാസത്തില്‍ മില്‍ഖക്ക് മെഡല്‍ നഷ്ടമായി.

‘പറക്കും സിങ്’ ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ അത്ലറ്റ് മില്‍ഖാ സിങ്ങിന് ഈ വിശേഷണം നല്‍കിയത് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനാണ്. 1960കളില്‍ ലഹോറില്‍ നടന്ന ഇന്തൊപാക്ക് മീറ്റില്‍ മില്‍ഖയുടെ പ്രകടനം കണ്ടാണ് അന്ന് പാക്ക് പ്രസിഡന്റായിരുന്ന അയൂബ് ഖാന്‍ അദ്ദേഹത്തെ ‘പറക്കും സിങ്’ എന്നു വിശേഷിപ്പിച്ചത്. മിൽഖയ്ക്ക് അതൊരു മധുര പ്രതികാരം കൂടിയാണ്
200 മീ. മല്‍സരത്തില്‍ പാക്കിസ്ഥാന്റെ അബ്ദുല്‍ ഖലീക്കിനെ തോല്‍പ്പിച്ച മില്‍ഖയുടെ പ്രകടനം നേരില്‍ കണ്ട പ്രസിഡന്റ് ഖാന്‍ മില്‍ഖയോട് ഇങ്ങനെ പറഞ്ഞത്രെ ”താങ്കള്‍ ഓടുകയല്ല, പറക്കുകയാണ്”. ഏഷ്യാഡുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുമടക്കം വിവിധ രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ട്രാക്കില്‍ മെഡല്‍കൊയ്ത്ത് നടത്തിയിട്ടുണ്ട് മില്‍ഖ.
100, 200, 400 മീറ്ററുകളില്‍ ദീര്‍ഘകാലം ദേശീയ റെക്കോര്‍ഡ് മില്‍ഖായുടെ പേരിലായിരുന്നു. 1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ മില്‍ഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കില്‍നിന്നും ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മില്‍ഖാ ചരിത്രത്തില്‍ ഇടംനേടിയത്. 1954 ഏഷ്യന്‍ ഗെയിംസിലൂടെ നേടിയ ഇരട്ട സ്വര്‍ണത്തിന്റെ ശോഭയിലാണ് മില്‍ഖാ കാര്‍ഡിഫില്‍ എത്തിയത്. ദക്ഷിണാഫ്രിക്കന്‍ അത്ലറ്റിക് ഇതിഹാസം സാക്ഷാല്‍ മാല്‍ക്കം സ്പെന്‍സായിരുന്നു മില്‍ഖായുടെ മുഖ്യ എതിരാളി. 1958ലെ പരാജയത്തിന് സ്പെന്‍സ് അടുത്ത ഒളിംപിക്സില്‍ പകരം വീട്ടി.
2001 ഓഗസ്റ്റ് മാസത്തിലാണത് ട്രാക്കിനോട് വിടപറഞ്ഞ് ഏറെ കാലത്തിനു ശേഷം മില്‍ഖാ സിങ്ങിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്. വൈകിയെത്തിയ അംഗീകാരം പക്ഷെ മില്‍ഖയെ ചൊടിപ്പിച്ചു. അനര്‍ഹരായ ഒരുപാടുപേര്‍ക്ക് നല്‍കിയ പുരസ്‌കാരം തനിക്ക് വേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. വൈകിയെത്തിയ അര്‍ജുന അവാര്‍ഡ് അദ്ദേഹത്തെ എക്കാലത്തും അസ്വസ്ഥനാക്കിയിരുന്നു.