ഡൽഹി : കേന്ദ്ര സർക്കാർ വിരുദ്ധ ക്യാമ്പയിനായ
‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളടക്കം 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു.പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ 1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കൈമാറിയത്. ഈ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു.കേന്ദ്ര സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും വൻതുക പിഴ ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ളവ ഡൂപ്ലിക്കേറ്റ് ആയതിനാൽ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്.
257 ട്വിറ്റർ ഹാൻഡിലുകളിൽ മോദി സർക്കാരിൻ്റെ വംശഹത്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു. അതിൽ 220 എണ്ണം നിലവിൽ ബ്ലോക്ക് ചെയ്തു.
‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗിൽ ദിവസങ്ങളായി ട്വിറ്ററിൽ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതൽ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പിൽ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാൽ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റർ നൽകിയ മറുപടി.