കുവൈത്തിലേക്കുള്ള സർവീസുകളിൽ നിയന്ത്രണവുമായി യുഎഇ വിമാനക്കമ്പനികൾ

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ യാത്ര നിരോധനം കടുപ്പിച്ച സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങളുമായി വിമാന കമ്പനികളും. യുഎഇയിൽ നിന്നുള്ള വിമാനക്കമ്പനികൾ ആയ എമിറേറ്റ്സ് എയർലൈൻസ്, എത്തിഹാദ് എയർവെയ്സ്, ഫ്ലൈ ദുബായ് എന്നീ വിമാന കമ്പനികളാണ് പുതിയ യാത്ര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ വരുന്ന ഫെബ്രുവരി 7 മുതൽ 21 വരെ കുവൈത്ത് സ്വദേശികൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ വിമാനങ്ങളിൽ യാത്ര അനുവദിക്കുകയുള്ളൂ. കുവൈത്ത് സ്വദേശി സ്പോൺസർ ആയുള്ള ഗാർഹിക തൊഴിലാളികൾക്കും യാത്ര ചെയ്യാം. യാത്രയ്ക്ക് മുൻപായി കോവിഡ് വിമുക്തരാണ് എന്ന് തെളിയിക്കുന്നതിനുള്ള പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസുകളിൽ ഈ ഞായറാഴ്ച മുതൽ ഫെബ്രുവരി 20 വരെയാണ് എമിറേറ്റ്സ് വിമാനക്കമ്പനി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് സ്വദേശികൾ അല്ലാത്തവർ കുവൈത്തിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയാലും ഇവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി. നേരത്തെ ദുബൈയിലേക്കും വിമാന കമ്പനികൾ സമാനമായ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.