ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ രണ്ടായിരത്തോളം തടവുകാര്‍ക്ക് മോചനം

0
24

അബുദാബി: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളിലായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം തടവുകാരെ ജയില്‍ മോചിതരാകും.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പോലുള്ള ഗൗരവതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ജയിലിലായവരെ അവരുടെ ജയില്‍ ജീവിത കാലത്തെ മികച്ച സ്വഭാവത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്.

ബലി പെരുന്നാളിനു മുന്നോടിയായി 855 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മോചിതരാവുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിന് നല്ല സംഭാവന നല്‍കാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബായ് ജയിലില്‍ കഴിയുന്ന 520 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് തീരുമാനിച്ചു. ജീവിതത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ തിരുത്തി പുതു ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. റാസല്‍ ഖൈമ ഭരണാധികാരി ശെയഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമിയും തടവുകാര്‍ക്ക് മോചന വാഗ്ദാനവുമായി രംഗത്തെത്തി. 174 പേര്‍ക്കാണ് ഇവിടെ മോചനം ലഭിക്കുക. ഷാര്‍ജ ഭരണാധികാരിയായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 225 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു. ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശെയ്ഖ് സൗദ് ബിന്‍ റാശിദ്അല്‍ മുഅല്ലയും സമാന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജയില്‍ മോചിതരാവുന്ന തടവുകാരുടെ എണ്ണം പ്രഖ്യാപിച്ചിട്ടില്ല.