”തീഹാറിലേയ്ക്കുള്ള എന്റെ പതിനൊന്നാമത് സന്ദർശനമായിരുന്നു ഇന്നലെ. : അപേക്ഷ പ്രിയദർശിനി (വിവ:ശ്രീജിത്ത് ദിവാകരൻ)

വിചാരണയും കുറ്റവിധിയും ഇല്ല. മിടുക്കനായ, ബുദ്ധിമാനായ ഒരു കോളേജ് വിദ്യാർത്ഥി തന്റെ ചെറുപ്പത്തിന്റെ സുവർണകാലത്ത് ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന രാജ്യത്ത് നിരന്തരം ജയിലിൽ കഴിയുകയാണ്. എന്തുകൊണ്ട്? രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയെ കുറിച്ചും അന്തസിനെ കുറിച്ചും ഭയത്തിൽ നിന്നുള്ള മോചനത്തെ കുറിച്ചും സംസാരിച്ചു എന്നത് കൊണ്ട്. മുസ്ലീമായി ജനിച്ചുവെന്നത് കൊണ്ട്.

ഉമറിന്റെ സുഹൃത്ത് അപേക്ഷ പ്രിയദർശിനി കഴിഞ്ഞ ദിവസം ജയിൽ പോയി ഉമറിനെ കണ്ടശേഷം എഴുതിയ കുറിപ്പ് കൂടുതൽ പേർ വായിക്കേണ്ടതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് തയ്യാറായിക്കിയ സ്വതന്ത്ര പരിഭാഷയാണിത്.

”തീഹാറിലേയ്ക്കുള്ള എന്റെ പതിനൊന്നാമത് സന്ദർശനമായിരുന്നു ഇന്നലെ.

ഇന്നലെയായിരുന്നു അതുകൊണ്ട് തന്നെ എനിക്ക്’പുതുവത്സരം’. അനന്തകാലം എന്ന് തോന്നിയ ഒരു ഇടവേളയ്ക്ക് ശേഷം അവസാനം ഞാനവനെ ഇന്നലെ കണ്ടു. പി.എച്ച്.ഡി എഴുത്ത് ഒരുപാട് ത്യാഗങ്ങൾ ആവശ്യമുള്ള ഒന്നാണ്. അവനെ കാണുക, കൂടെയുണ്ടാവുക എന്ന എന്റെ ഏറ്റവും വിലപ്പെട്ട കാര്യമാണ് എനിക്ക് ഇതിനായി ത്യജിക്കേണ്ടി വന്നത്. അവനാകട്ടെ, പക്ഷേ, അതിലൊരു പരാതിയുമുണ്ടായിരുന്നില്ല.

എന്നെ കണ്ടയുടൻ തടവുകാർക്ക് സാധനങ്ങൾ കൈമാറുന്ന ജനാലയ്ക്കരികിലേയ്ക്ക് അവൻ വേഗം വിളിച്ചു. ‘വേഗം വാ, എനിക്കൊരു സാധനം തരാനുണ്ട്.’ അത് വാങ്ങിച്ച് ഞാൻ തുറന്ന് നോക്കി. ജയിൽ ബേക്കറിക്കുള്ളിൽ നിന്ന് ഒരു പ്ലം കേക്കും ഒരു ജോഡി കയ്യുറകളും. അവൻ പറഞ്ഞു: ‘സോറിയെടോ, ഇതിനകത്ത് അധികം സാധനമൊന്നും കിട്ടില്ല. ഇത് പക്ഷേ നിനക്കും പോ-ക്കും. പി.എച്ച.ഡി വച്ചതിന്റെ സന്തോഷത്തിൽ’. ഞാൻ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിശബ്ദയായി നിന്നു.

പി.എച്ച്.ഡി അവനായാണ് ഞാൻ സമർപ്പിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ അവൻ വീണ്ടും തമാശ പറഞ്ഞു. ‘എനിക്കാളുകൾ പി.എച്ച്.ഡി പ്രബന്ധമൊക്കെ സർപ്പിക്കുന്നത് ഞാനെന്തോ മരിച്ച് പോയെന്ന മട്ടിലാണ്. ഇൻ ദ മെമ്മറി ഓഫ്….’ തോന്ന്യവാസം പറയുന്നതിന് ഞാനവനെ വഴക്ക് പറഞ്ഞു. സ്‌നേഹത്തിന്റെ പേരിലാണ് ആ സമർപ്പണമെന്ന് പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അറിയാമെന്ന് സമ്മതിച്ചു.

എങ്ങനെയിരിക്കുന്നു അവനെന്ന ചോദ്യം അവനെന്റെ നേർക്ക് തിരിച്ച് വിട്ടു. ഞാനെങ്ങനെ എന്നും എന്റെ പുതിയ ജീവിതവും കുടുംബവും എങ്ങനെയെന്നും അവനന്വേഷിച്ചു. പക്ഷേ സംഭാഷണം ഞാൻ അവനിലേയ്ക്ക് തന്നെ തിരിച്ചു. ‘നിനക്ക് ശരിക്കും എങ്ങനെയുണ്ട്, എന്നോട് പറ’-ഞാൻ ആവശ്യപ്പെട്ടു. അവനൊന്ന് നെടുവീർപ്പിട്ടു. കേസ് സുപ്രീം കോടതിയിലെത്തിയ ശേഷം ക്ലേശാവഹമായി മാറിയതെങ്ങനെ എന്ന് പറഞ്ഞു. ‘ഒരോന്ന് കാണിച്ച് മോഹിപ്പിക്കുന്നത് പോലെയായിരുന്നു കഴിഞ്ഞ വർഷം മുഴുവൻ. ഒരോ തവണ കേസ് മാറ്റിവയ്ക്കുമ്പോഴും അത് കോടതി പരിഗണിക്കുമെന്നും ഒരു തീരുമാനത്തിലെത്തുമെന്നും ഞാൻ കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ കേസിന്റെ കാര്യത്തിൽ കാലം നിശ്ചലമായി എന്ന് തോന്നുന്നു.’

വിരോധഭാസമെന്നേ പറയാനാവൂ, ജയിലികത്ത് കാലമെത്ര വേഗമാണ് കടന്ന് പോകുന്നതെന്നുള്ള വേദനാജനകമായ തിരിച്ചറിവിനെ കുറിച്ചും അവൻ പറഞ്ഞു. ‘ഒരാഴ്ചത്തെ പരോളിന് പുറത്ത് പോയ ഒരാളെ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ കണ്ടു. ഇത്രപെട്ടന്ന് തിരിച്ച് വന്നതെന്താണെന്ന് ചോദിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞുവെന്നും ശരിക്കും ഒൻപത് ദിവസം മുമ്പാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചതെന്നും അയാൾ പറഞ്ഞു. എത്രപെട്ടന്നാണ് സമയം പോയത് എന്നോർത്ത് ഞാൻ നടുങ്ങിപ്പോയി. ഒരു ദിവസം നോക്കുമ്പോ എന്റെ നഖമെല്ലാം വളർന്നിരിക്കുന്നു. മൂന്ന് ദിവസം മുമ്പ് നഖം മുറിച്ചിട്ടിത്ര വേഗം വളർന്നതെങ്ങനെ എന്ന് ഞാനന്തം വിട്ടു. പിന്നെ കണക്ക് കൂട്ടി നോക്കിയപ്പോഴാണ് മൂന്ന് ദിവസമല്ല, മൂന്നാഴ്ച കഴിഞ്ഞുവെന്ന് മനസിലായത്. സമയത്തെ കുറിച്ചുള്ള നമ്മുടെ സകല ബോധവും ഇവിടെ പരാജയപ്പെടും. ഒന്നുമിവിടെ കാത്തിരിക്കാനില്ല, ഒരു ദിവസവും ഓർത്ത് വയ്ക്കാനില്ല, പങ്കെടുക്കാനൊരു പരിപാടിയുമില്ല. മടുപ്പ് നമ്മുടെ ഓർമ്മകളെ കുഴമറിക്കും’ – അവനത് പറയുന്നത് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്ന് പോയി. പക്ഷേ മനസ് തുറക്കുന്നത് കണ്ടപ്പോൾ സന്തോഷവും തോന്നി.

അവൻ അവന്റെ ജയിൽ മുറിയെ കുറിച്ചും സംസാരിച്ചു. പഴയപോലെ മുറിയിൽ എല്ലാം വലിച്ച് വാരിയിടാതെ ശ്രദ്ധയോടെ, കരുതലോടെ ഒതുക്കി വയ്ക്കാൻ തുടങ്ങി. ‘നേരത്തേ ഞാൻ ഈ യാത്രക്കാരുടെ മട്ടിലായിരുന്നു. പെട്ടന്ന് പോകുമല്ലോ ഇവിടെ വൃത്തിയാക്കാനെന്തിനാണ് സമയം മെനക്കെടുത്തുന്നത് എന്നായിരുന്നു വിചാരം. പക്ഷേ ഇപ്പോൾ ഞാൻ മാറി. ഞാൻ ജയിൽ മുറി വൃത്തിയാക്കും. അവിടവിടങ്ങളിൽ പൊട്ടിപൊളിഞ്ഞിടങ്ങൾ പത്രക്കടലാസ് ഉപയോഗിച്ച് മറച്ച് വയ്ക്കും. മൊത്തത്തിൽ താമസിക്കാൻ പറ്റുന്ന ഒരു പരുവത്തിലേയ്ക്ക് അതിനെ മാറ്റും. ഇതെന്റെ ഇടമാണ്, ഞാനിവിടെ സ്ഥിരമാക്കുകയാണ് എന്നുള്ള മട്ടിൽ.’ ചിരിച്ചുകൊണ്ടാണ് അവൻ പറഞ്ഞതെങ്കിലും എന്റെ അകത്തെന്തോ തകർന്നുപോയ പോലെ തോന്നി. പക്ഷേ അവനോട് മറുത്തെന്തെങ്കിലും പറയാനോ സമാധാനപ്പെടുത്താനോ എനിക്ക് വാക്കുകളൊന്നും ഉണ്ടായിരുന്നില്ല.

കുറ്റകൃത്യങ്ങളേയും നിയമസംവിധാനത്തിന്റെ തികച്ചും ഉദാസീനമായ ഇടപെടലുകളേയും ജയിലിനുള്ളിൽ നിന്ന് നോക്കി കാണുന്നതിനെ കുറിച്ചും അവൻ പറഞ്ഞു. ‘നിങ്ങളേയും നിങ്ങളുടെ സമൂഹത്തേയും നിരന്തരം ആക്രമിക്കുകയും നശിപ്പിക്കുകയും തികച്ചും നിഷ്പ്രഭാവരാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെ നേരിടാൻ ഒരുതരം പൗരുഷബോധത്തെ ആശ്രയിക്കണമോ വേണ്ടയോ എന്നതാണ് ഒരാൾ ക്രിമിനൽ ആകണമോ എന്നതിന്റെ അടിസ്ഥാനമെന്നാണ് എനിക്ക് തോന്നുന്നത്. ഞാനിവിടെ ചിലരോട് ചോദിക്കാറുണ്ട് എന്തിനാണ് ഈ കുറ്റകൃത്യങ്ങളിലൊക്കെ പെടുന്നത് എന്ന്. എന്താണ് അതിൽ നിന്ന് ലഭിക്കുന്നത് എന്നും. അവർ പറയുന്നത്- എല്ലാം അഭിമാനത്തിന് വേണ്ടിയുള്ളതാണ് എന്നാണ്. നിങ്ങൾക്കീ സമൂഹത്തിൽ ഒരു പ്രത്യേക പദവി നിലനിർത്തണമെങ്കിൽ അതിപൗരുഷപ്രഭാവത്തിൽ നിന്ന് ലഭിക്കുന്ന അധികാരം ആവശ്യമാണ്. ഭരണകൂടം സൃഷ്ടിക്കുന്ന വാർപ്പ് മാതൃകകളിലേയ്ക്ക് വീഴ്ചയാണ് എന്നതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ അധികാരഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് ആത്യന്തികമായി ഇത് സഹായിക്കുക.’

അവൻ പറയുന്നത് കേട്ടിരിക്കുമ്പോൾ, ഇതുപോലെ പീഡാനുഭവങ്ങളുടെ സാഹചര്യങ്ങളിൽ കഴിയുമ്പോഴും, യുക്തിസഹമായ ആലോചനകൾ സാധിക്കുന്നതിനുള്ള അവന്റെ കഴിവിനെ കുറിച്ചാലോചിക്കുകയായിരുന്നു ഞാൻ. പി.എച്ച്.ഡി എഴുത്തിൽ ഞാൻ നേരിട്ടുവെന്ന് സ്വയം കരുതിയിരുന്ന വെല്ലുവിളികളൊക്കെ അവന്റെയും അവനെ പോലുള്ള സാഹചര്യത്തിൽ ജയിൽ കഴിയുന്ന മനുഷ്യുരുടേയും യാതനകളുമായി താരതമ്യപ്പെടുത്തുമ്പോളെത്ര ചെറുതാണ്!

അവന്റെ ചില മണ്ടൻ തമാശകളുടേയും ജയിൽ ഗോസിപ്പിന്റേയും ഞങ്ങളുടെ പൊട്ടിച്ചിരികളുടേയും ഒടുവിൽ കൂടിക്കാഴ്ച അവസാനിക്കാനുള്ള സമയമായി. അവന്റെ മുഖം പതുക്കെ മാറുന്നതും സങ്കടം വന്ന് നിറയുന്നതും ഞാൻ കണ്ടു. നമ്മളെല്ലാവരും ജയിലിന് പുറത്ത് സ്വന്തം ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ, സമയം നിശ്ചലമായി നിൽക്കുന്ന ആ ജയിൽ മുറിക്കകത്തെ അവന്റെ മനസിലെന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും എനിക്ക് പിടികിട്ടുമോ എന്നറിയില്ല. തുല്യതയെ കുറിച്ചും അന്തസിനെ കുറിച്ചും ഭയത്തിൽ നിന്നുള്ള മോചനത്തെ കുറിച്ചും സംസാരിച്ചുവെന്നത് കൊണ്ട് മാത്രം ജയിലിനകത്ത് കഴിയേണ്ടി വന്നിട്ടുള്ള ഈ വർഷങ്ങൾ അവന് തിരികെ നൽകാൻ ഏത് തരം നീതിക്കാകും സാധിക്കുക എന്നും നിശ്ചയമില്ല. അവിടെ നിന്ന് അവനോട് യാത്രപറഞ്ഞ് പിരിയുമ്പോൾ ഞാനെനിക്ക് തന്നെ ഒരുറപ്പ് നൽകി- ഏത് തരത്തിലുള്ള നിത്യജിവിത മടുപ്പുകളിൽ മുങ്ങിപ്പോയാലും അവരുടെ മോചനത്തിന് വേണ്ടിയുള്ള നമ്മുടെ പോരാട്ടം, അതനുദിനം എത്ര കഠിനമായി മാറിയാലും, തുടരുക തന്നെ ചെയ്യും. നാം
നിരന്തരം നിർവിഘ്‌നം സംസാരം തുടരും. അതിനായി നാം അവരിൽ നിന്ന് ഊർജ്ജമുൾക്കൊള്ളും. പകരം നമ്മുടെ ഊർജ്ജം അവർക്ക് നൽകും. ഐക്യദാർഢ്യത്തിന്റെ, സഹാനുഭാവത്തിന്റെ ഈ നിയമലംഘനങ്ങളെ തടയാൻ കരുത്തുള്ള ഒരു മതിലും ലോകത്തിലിന്നേ വരെ ഉണ്ടായിട്ടില്ല.”

അപേക്ഷ പ്രിയദർശിനി (വിവ:ശ്രീജിത്ത് ദിവാകരൻ)