യുഎഇയിൽ മഴ തുടരുന്നു; തിരുവനന്തപുരത്തു നിന്നുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി

0
49

യുഎഇയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്നുമുള്ള നാലു വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഷാർ‌ജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അത്രയും അത്യാവശ്യമെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് വരാവൂ എന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്. വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുകയും വഴി തിരിച്ചു വിടുകയുമാണ്.

വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുവര അഞ്ഞൂറോളം വിമാനങ്ങളാണ് റദ്ദാക്കുയോ വഴി തിരിച്ചു വിടുകയോ ചെയ്തിരിക്കുന്നത്. പല വിമാനങ്ങളും വളരെ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള 15 വിമാനങ്ങളാണ് ഇതു വരെ റദ്ദാക്കിയിരിക്കുന്നത്.

ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല.