ഉത്ര വധക്കേസ്: സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: കേരള ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ച അഞ്ചൽ ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചു. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻറെ നിലപാട്. ഭാര്യയായ ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്. അടൂര്‍ പറക്കോട് സ്വദേശിയായ സൂരജ് ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

2020 മേയ് ആറിന് രാത്രി സ്വന്തം വീട്ടിൽവെച്ചാണ് ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെടുന്നത്. പിറ്റേ ദിവസം പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൻറെ ചുരുളഴിയുന്നത്. തുടർന്ന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201-ാം വകുപ്പ്) എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തുകയും ചെയ്തിരുന്നു.