ഉത്ര കൊലക്കേസിൽ ശിക്ഷാവിധി അൽപ്പസമയത്തിനകം

0
15

കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് പ്രസ്താവിക്കും. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻറെ നിലപാട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. സൂരജിന് കഠിനശിക്ഷ കിട്ടുമെന്ന് തന്നെയാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതീക്ഷ. മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ആസൂത്രിതമായി ഭാര്യയായ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്.

ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201-ാം വകുപ്പ്) എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തുകയും ചെയ്തിരുന്നു.

2020 മേയ് ആറിന് രാത്രി സ്വന്തം വീട്ടിൽവെച്ചാണ് ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെടുന്നത്. പിറ്റേ ദിവസം പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൻറെ ചുരുളഴിയുന്നത്. തുടർന്ന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.