വിദേശത്ത് പോകുന്നവർക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഐ എം സി സി ജിസിസി ചെയർമാൻ സത്താർ കുന്നിലാണ് മുഖ്യമന്ത്രിക്ക് ആദ്യം കത്തു നൽകിയത്. നേരത്തെ വാക്സിനേഷൻ തീയതിയും ഒപ്പം വാക്സിനെ പേരും ആയിരുന്നു വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരുന്നത്. എന്നാൽ കുവൈത്ത് സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ആദ്യ രണ്ട് വാക്സിനേഷനുകളുടെ തീയതിയും ഒപ്പം വാക്സിൻ ബാച്ച് നമ്പറുകളും ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താൽ നാട്ടിലുള്ള പല പ്രവാസികൾക്കും വിവരങ്ങൾ പൂർണമായി നൽകാൻ കഴിഞ്ഞില്ല. ഈ ഒരു സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സത്താർ കുന്നിൽ വിഷയത്തിൽ സർക്കാറിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയത്. വിഷയം പരിഗണിച്ച് ഉടനടി നടപടി കൈകൊണ്ട മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും പലരാജ്യങ്ങളും പ്രവാസികളോട് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷൻ im നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് നൽകിത്തുടങ്ങും.
നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവർക്കും പുതിയ വിവരങ്ങൾ ചേർത്തുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കും, ഇതിനായി നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.