കൊച്ചി: വാളയാര്‍ കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നത്. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
കേസിൽ വീണ്ടും വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു സര്‍ക്കാര്‍ നിലപാടും.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ 13, 9 വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.