കാലം മറക്കാത്ത ചതിയുടെയും വഞ്ചനയുടെയും കഥയുമായി വിനായകന്‍ കരിന്തണ്ടനാവുന്നു

വിനായകന്‍ എന്ന നടനെ കേരളക്കര തിരിച്ചറിഞ്ഞത് അടുത്തിടെയായിരുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ വിനായകന്‍റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ഈ സിനിമയിലൂടെ 2016 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകനെ തേടി എത്തി. വില്ലനായും കോമേഡിയനായും പ്രേക്ഷകരെ സ്വാധീനിക്കാന്‍ വിനായകന്‍റെ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ഇതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു സിനിമയുമായി വരാന്‍ ഒരുങ്ങുകയാണ് വിനായകന്‍. വയനാട് ചുരത്തിന്റെ പിതാവ് കരിന്തണ്ടന്റെ ജീവിതകഥ പറയുന്ന സിനിമയിലൂടെയാണ് വിനായകന്‍ ഞെട്ടിക്കാനൊരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വന്നിരുന്നു. പുറത്ത് വന്ന ഉടനെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

വയനാടിന്റെ ചരിത്രം പറയുമ്പോള്‍ ആദ്യം പറയുന്ന പേരാണ് കരിന്തണ്ടന്‍. താമരശ്ശേരി ചുരത്തിന്റെ പിതാവായി അറിയപ്പെടുന്ന കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി കൊന്ന് കളയുകയായിരുന്നു. ഇപ്പോഴും കരിന്തണ്ടനെ വീരനായകനായിട്ടാണ് എല്ലാവരും കാണുന്നത്. പശുക്കളെ മേയ്ക്കാന്‍ വേണ്ടി വയനാട്ടില്‍ നിന്നും താമരശ്ശേരിയിലേക്ക് കാടിനുള്ളില്‍ കൂടി കരിന്തണ്ടന്‍ കണ്ടെത്തിയ വഴിയായിരുന്നു ഇപ്പോഴത്തെ താമരശ്ശേരി ചുരം. 14 കിലോമീറ്റര്‍ ദൂരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കിയ താമരശ്ശേരി ചുരത്തിന് കരിന്തണ്ടന്റെ ജീവന്റെ വിലയാണുള്ളത്. ഇത്രയും വലിയൊരു കണ്ടുപിടുത്തം നടത്തി എന്നതിന്റെ പേരിലായിരുന്നു ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വെടിവെച്ച്‌ കൊന്നത്.

പണിയ സമുദായത്തിന്‍റെ കാര്‍ന്നോരായിരുന്നു കരിന്തണ്ടന്‍. കരിന്തണ്ടന്റെ ഓര്‍മ്മകളുടെ അവശേഷിപ്പുകള്‍ ഇന്നും വയനാട്ടിലുണ്ട്. ചുരം തുടങ്ങുന്നതിന് മുന്‍പാണ് കരിന്തണ്ടനെ ബന്ധിച്ചിരിക്കുന്ന ചങ്ങലമരമുള്ളത്. ചതിയില്‍പ്പെടുത്തി കൊന്നതിനാല്‍ അതിലെ പോവുന്നവരെല്ലാം ആഗാത ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. ശേഷം കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലകളില്‍ ബന്ധിക്കുകയായിരുന്നു. ഇന്നും അതെല്ലാം അവിടെ അതുപോലെ തന്നെ അവശേഷിച്ചിരിക്കുകയാണ്. ലക്കിടിയില്‍ നിന്നും ചുരമിറങ്ങി പോവുന്ന എല്ലാവരും കരിന്തണ്ടനെ ഓര്‍ക്കാറുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മലയാള സിനിമ രംഗത്തെത്തുന്ന സംവിധായികയായ ലീല സന്തോഷാണ് കരിന്തണ്ടന്‍ സംവിധാനം ചെയ്യുന്നത്. നായകന്‍ കരിന്തണ്ടന്റെ വേഷത്തില്‍ അഭിനയിക്കുന്നത് വിനായകനാണ്. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീല സന്തോഷ് ഇന്ന് ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയായിരുന്നു. രാജീവ് രവി, ബി അജിത്ത് കുമാര്‍, മധു നീലകണ്ഠന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുന്‍പ് വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തിലെ ദുരിതങ്ങളും അവരുടെ നഷ്ടപ്പെട്ട പൈതൃകവും പ്രമേയമാക്കി ‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ലീല സംവിധാനം ചെയ്തിരുന്നു. ഇതിലൂടെയായിരുന്നു സിനിമാ രംഗത്തേക്ക് ലീല കടന്ന് വന്നത്.