തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ട ഐഫോൺ വിവാദത്തിൽ പൊലീസിന് പരാതി നൽകി വിനോദിനി ബാലകൃഷ്ണൻ. സന്തോഷ് ഈപ്പൻ നൽകിയ ഫോൺ
തന്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
വ്യാജപ്രചരണങ്ങൾ അവൾ തന്നെ മാനസികമായി തളർത്തിയതായും, ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തു വരുന്നതിനായി പ്രസ്തുത ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് വിനോദിനി മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഐഫോൺ സ്വയം വാങ്ങിയതാണെന്നും അതിൻറെ ബില്ല് ഇപ്പോഴും കയ്യിൽ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.
വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.