തെന്നിന്ത്യൻ സിനിമാനടൻ ജോസഫ് വിജയ് എന്ന വിജയിനെ കുറിച്ച് വിഷ്ണു വിജയൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടിയും മോഹൻലാലും ഒക്കെ സൂപ്പർ താരങ്ങളാകുന്ന ഈ കാലത്തു എന്തുകൊണ്ട് വ്യത്യസ്തനാക്കുന്നു എന്നാണ് വിഷ്ണു വിജയൻ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

‘മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല ‘ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ്.

സിദ്ദിഖ് പറഞ്ഞ കാര്യം മുൻപ് പലപ്പോഴും ശെരിയാണെന്ന് തോന്നിയിട്ടുണ്ട്.

ഒരു സിനിമാ നടൻ എന്ന നിലയിൽ വിജയ് എന്ന നടന് പലപ്പോഴും നമ്മുടെ സിനിമാ സങ്കല്പങ്ങളിലേക്കൊ, പ്രതീക്ഷയ്ക്കൊപ്പമോ ഉയരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

അയാൾ എപ്പോഴും വാണിജ്യ സിനിമകളുടെ പ്രതിനിധിയാണ്. മാസ്സ് ഡയലോഗുകളും, സ്റ്റണ്ട് സീനുകളും, റൊമാന്റിക് രംഗങ്ങളും, ഡപ്പാൻകൂത്ത് പാട്ടുകളുമൊക്കെ കോർത്തിണക്കിയ, ഒരു രക്ഷക ബിംബമായി തെന്നിന്ത്യയിൽ കൊമേഴ്സ്യൽ സിനിമ വഴി ആരാധകരെ സന്തോഷിപ്പിക്കൽ മാത്രമാണ് ചെയ്തു പോരുന്നത്.

അയാൾ ഒരു സിനിമാ താരം എന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെങ്കിലും ഈ സമൂഹത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ പലപ്പോഴും അയാൾ സ്വീകരിച്ചു വരുന്ന നിലപാടുകൾ ശ്രദ്ധിക്കേണ്ടതാണ്.

അയാളുടെ മേഖലയിൽ പലരും
പല വിഷയങ്ങളിലും സൗകര്യപൂർവ്വം
മൗനം പാലിക്കുന്ന ഘട്ടത്തിൽ അയാൾ സ്വീകരിക്കുന്ന നിലപാടുകളിലെ വ്യത്യസ്തത തന്നെയാണ് അതിൻ്റെ ഉദാഹരണം.

കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്താണ് തൂത്തുക്കുടിയിൽ വേദാന്താ ഗ്രൂപ്പിനെതിരെ ജനകീയ പ്രതിക്ഷേധം നടന്നതും, അതിനെതിരെ എൻകൗണ്ടർ അറ്റാക്കിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതും,

അന്ന് രജനീകാന്ത് തൂത്തുക്കുടി വിഷയത്തിൽ പോലീസ് നടപടിയെ ന്യായീകരിച്ച് ജനവിരുദ്ധ നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു വെയ്ക്കാനാണ് ശ്രമിച്ചത്.

അതേസമയം ന്യായീകരിക്കാനോ, മൗനം പാലിക്കാനൊ ശ്രമിക്കാതെ, മീഡിയ കവറേജുകൾക്ക് ശ്രദ്ധ നൽകാതെ, തൂത്തുക്കുടിയിൽ നേരിട്ടെത്തി ഭരണകൂട ഭീകരതയ്ക്ക് ഇരയാകേണ്ടി വന്ന കുടുംബങ്ങളെ ബൈക്കിൽ ചെന്നു കാണുകയും, സാമ്പത്തിക സഹായം നൽകാൻ തയ്യാറാകുകയും, തൻ്റെ പിറന്നാൾ ആഘോഷങ്ങൾ പതിവ് രീതിയിൽ നടത്താൻ പാടില്ലെന്ന് വിജയ് തൻ്റെ ആരാധകരോട് പറയുകയും ചെയ്തു.

തമിഴ് ഇൻഡസ്ട്രിയിൽ രജനീകാന്ത്
തുടർന്നു പോരുന്ന ‘ സൂപ്പർ താരം ‘
എന്ന നിരയിൽ അടുത്തയാളായി പ്രതിഷ്ടിക്കപ്പെടുന്ന വിജയ് എന്ന നടൻ
ഒരു സൂപ്പർ സ്റ്റാർ എന്ന നിലയിൽ നിന്ന് ‘മനുഷ്യനിലേക്കുള്ള’ ദൂരം ഇങ്ങനെയാണ് അടയാളപ്പെടുത്തുന്നത്.

വിജയുടെ കാര്യത്തിൽ ഇതാദ്യമായല്ല ഇത്തരം നിലപാടുകൾ വരുന്നത്.

സംഘപരിവാർ ഭരണകൂടം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് നൽകിയ ഏറ്റവും വലിയ ആഘാതമായ ‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തിൽ സംഘപരിവാർ ഭരണകൂടത്തെ വാഴ്ത്താൻ മോളിവുഡിൽ തുടങ്ങി ബോളിവുഡിൽ എത്തിനിൽക്കുന്ന അഭിനന്ദന പ്രവാഹങ്ങൾക്കിടയിലാണ്,
‘ നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവിൽ നിർത്തുന്ന പരിഷ്കാരങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് ‘ അയാൾ വിയോജിപ്പ് അറിയിക്കുന്നത്.

ഒരു സിനിമയിലെ ഏതൊ രണ്ട് ഡയലോഗിൻ്റെ പേരിൽ വിജയ് എന്ന നടനിലെ ‘ജോസഫിനെ’ തെരഞ്ഞുപിടിച്ച് ഹെയ്റ്റ് ക്യാമ്പെയ്ൻ നടത്താൻ സംഘപരിവാരം രാജ്യത്ത് കച്ചകെട്ടി ഇറങ്ങിയപ്പോഴും സിനിമയുടെ വാണിജ്യ ലാഭം നോക്കി താൻ ഹിന്ദു ആണെന്ന് തിരുത്താൻ നിൽക്കാതെ പകരം അയാൾ തുറന്നു പറഞ്ഞ് ‘ തൻ്റെ പേര് ജോസഫ് വിജയ് ‘ എന്നാണെന്നും അതിൽ ആർക്കാണ് പ്രശ്നമെന്നാണ്.

പണവും പദവിയും ലഭിച്ചാൽ സംഘപരിവാർ രാഷ്ട്രീയം സ്വീകരിച്ച് ജയ് വിളിക്കാൻ നടക്കുന്ന രാജ്യത്തെ മുഴുവൻ സിനിമാ താരങ്ങളും കണ്ടു പഠിക്കേണ്ടതാണ്.

രണ്ടു വർഷം മുൻപ് തമിഴ് നാട്ടിലെ ഒരു മാധ്യമ പ്രവർത്തകയ്ക്കെതിരെ വിജയ്‌ ഫാൻസ് അസോസിയേഷൻ സമൂഹ മാധ്യമത്തിൽ ശക്തമായ അക്രമം അഴിച്ചു വിട്ടത്. അവരെ മോശമായി ട്രോളിയും, സ്ലട്ട് ഷെയിമിംഗ് നടത്തിയും അവർക്കെതിരെ ആരാധകർ അക്രമം തുടർന്നു വന്നപ്പോൾ ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ ഫാൻസ്‌അസോസിയേഷൻ പിരിച്ചു വിടുമെന്നാണ് അയാൾ നൽകിയ മുന്നറിയിപ്പ്.

സ്വന്തം ആരാധകർ സ്ത്രീകളെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്നത് എത്രകണ്ട് ശ്രദ്ധയിൽ പെട്ടാലും ഒരക്ഷരം മിണ്ടാത്ത, പുതിയ സിനിമകളുടെ പോസ്റ്റർ തരാതരം മാറ്റി കളിക്കുന്ന ‘സൂപ്പർ’ താരങ്ങളും, അവരുടെ ആരാധകരും, അവരുടെ നെറികേടുകളുടെ ഒപ്പം നിൽക്കുന്ന ഇൻഡസ്ട്രിയിലെ മറ്റു താരങ്ങളും ഇതൊക്കെ കണ്ടു പഠിക്കാവുന്നതാണ്.

ആളുകളുടെ ഒപ്പം സമയമെടുത്ത് ക്യൂവിൽ നിന്ന് വോട്ട് ചെയ്തു മടങ്ങുന്ന, നിരവധി കുട്ടികൾ ഒരു കവർ പാലിന് പോലും അവസരം ഇല്ലാതെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ നിങ്ങൾ കട്ട്ഔട്ടറിൽ പാലഭിഷേകം നടത്തി അത് വെയ്സ്റ്റ് ആക്കരുത് എന്ന് ആരാധകരോട് അപേക്ഷിക്കുന്ന സൂപ്പർ താരങ്ങളുമുണ്ട് ഇവിടെ.

മേൽപ്പറഞ്ഞ കാര്യങ്ങളിലൊക്കെ പല മികച്ച നടൻമാരുടെയും അഭിപ്രായങ്ങൾ നമ്മൾ പലയാവർത്തി കണ്ടതാണ്.

നമുക്ക് അറിയാം സിനിമയിൽ നന്മമരങ്ങളും ,സൂപ്പർ താരങ്ങളും ജീവിതത്തിൽ അതാകണമെന്നില്ല. അങ്ങനെ ആകണമെന്ന് പറയാനും കഴിയില്ലലോ കാരണം സിനിമ ഒരു കലയും കച്ചവടവ മാധ്യമവും ആണല്ലോ.

സിദ്ദിഖ് പറഞ്ഞത് പോലെ സൂപ്പർ താരങ്ങൾ എല്ലാം മികച്ച നടൻമാർ ആകണമെന്നില്ല.

അതുപോലെ മികച്ച നടൻമാർ എല്ലാം മികച്ച മനുഷ്യരും, പൗരൻമാരും ആകണമെന്നുമില്ല.

അവിടെയാണ് ജോസഫ് വിജയ് ( പേര് അങ്ങനെ തന്നെ പറയണം) അയാൾ സ്ക്രീനിന് പുറത്ത് ഒരു മികച്ച മനുഷ്യനായി അനുഭവപ്പെടുന്നതും…