കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു. മലപ്പുറം തിരൂർ സ്വദേശി അബ്ദു റഹ്മാൻ ചെങ്ങാട്ട്( 65) ആണു കോവിഡ് ബാധയേറ്റ് ചികിൽസയിലായിരിക്കെ മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ വെച്ചു ഇന്നലെ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ നാലകത്ത് സുഹറാബി ഈ മാസം 9 നു കുവൈത്തിൽ വെച്ചു തന്നെ കോവിഡ് ബാധയേറ്റ് ചികിൽസയിൽ കഴിയവേ മരണമടഞ്ഞിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടുകയും പിന്നീട് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇരുവരെയും മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഫർവ്വാനിയ അൽ ഉമ്മ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായിരുന്നു അബ്ദു റഹ്മാൻ. ഇവരുടെ മക്കളായ സെറിൻ, നീലുഫ എന്നിവർ നാട്ടിലാണു. കെ.കെ.എം.എ ഖൈത്താൻ ശാഖയിലെ അംഗമാണു മരണമടഞ്ഞ അബ്ദു റഹ്മാൻ. ഇരുവരുടെയും മൃതദേഹങ്ങൾ കുവൈത്തിൽ സംസ്കരിച്ചു.