റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി സായുധസേനയുടെയും ഭാഗമാകാം. സൈന്യത്തിലേക്ക് സ്ത്രീകളെയും റിക്രൂട്ട് ചെയ്യാൻ സൗദി അറേബ്യ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു .സൈനികർ, ലാൻസ് കോർപ്പറലുകൾ, കോർപ്പറലുകൾ, സർജന്റുകൾ, സ്റ്റാഫ് സർജന്റുകൾ എന്നിങ്ങനെയുള്ള തസ്തികകളിൽ റിക്രൂട്ട് ചെയ്യാമെന്നാണ് തീരുമാനം.
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെടുത്താനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതികളുടെ ഭാഗമായാണ് രാജ്യത്തെ തൊഴിൽ ശക്തിയിൽ സ്ത്രീകൾക്ക് വർദ്ധിച്ച പങ്കാളിത്തം നൽകാൻ കാരണമായത്.മുമ്പ് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പല ജോലികളിലും ഇന്ന് സ്ത്രീകളും കഴിവ് തെളിയിക്കുന്നു.
സൗദി കിരീടാവകാശിയുടെ വികസനോന്മുഖമായ തീരുമാനം രാജ്യത്ത് അസാധാരണമായ മാറ്റമാണ് വരുത്തിയത്, കഴിവുറ്റ സ്ത്രീകൾ മുൻനിരയിലേക്ക് ഇറങ്ങി സ്വയംപര്യാപ്തരാകാൻ തുടങ്ങി. സമൂഹത്തിലും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിലും ഇതുണ്ടാക്കിയ അനുകൂല തരംഗങ്ങൾ ചെറുതല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ മറ്റ് സമീപ ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകളുടെ സാഹചര്യങ്ങളും അവകാശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പരിമിതമായിരുന്നു.മുഹമ്മദ് ബിൻ സൽമാനെ 2017 ൽ കിരീടാവകാശിയായി നിയമിച്ചതു മുതൽ, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് നിരവധി സാമൂഹ്യ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
സ്ത്രീപക്ഷ ചിന്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട പ്രയത്നത്തിൻ്റെയും പ്രതിഷേധങ്ങളുടെയും ഫലം കൂടിയാണിത്