ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് റഷ്യ

പത്താം ദിവസവും യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ് . മരിയുപോള്‍ റഷ്യ തകര്‍ത്തതായി ഉക്രൈന്‍ പറഞ്ഞു.  സപ്രോഷ്യ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയെന്ന വാര്‍ത്ത റഷ്യ യു.എന്‍ രക്ഷാസമിതിയില്‍ നിഷേധിച്ചു.

ഉക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് റഷ്യ ഉപാധികള്‍ വച്ചിട്ടുണ്ട്. റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനുമായി ചര്‍ച്ചകള്‍ സാധ്യമാകൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സലറായ ഒലാഫ് ഷോള്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയത്.

കീവിലും മറ്റ് വലിയ നഗരങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പുടിന്‍ പറഞ്ഞു.
ഉക്രൈനിയന്‍ പക്ഷവും, ഉക്രൈനില്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ എല്ലാ റഷ്യന്‍ ആവശ്യങ്ങളും അംഗീകരിക്കണം. ഉക്രൈനിന്റെ ആണവരഹിത പദവി, നാസിവല്‍ക്കരണം അവസാനിപ്പിക്കല്‍, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കല്‍,കിഴക്കന്‍ ഉക്രൈനിലെ വിഘടനവാദ പ്രദേശങ്ങളുടെ പരമാധികാരം എന്നിവയാണ് റഷ്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.വാരാന്ത്യത്തോടെ റഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നുമുള്ള പ്രതിനിധികളുടെ അടുത്ത യോഗം നടക്കുമെന്നാണ് അറിയുന്നത്.