മോസ്‌കോ: ഭൂഗോളം ഒരു പന്തോളം ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2018 ഫുട്‌ബോള്‍ ലോകകപ്പിന് നാളെ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ കിക്കോഫ് ആവുന്നതോടെ ഫുട്‌ബോള്‍ ആരാധകരുടെ ജീവിതം പച്ചപ്പുല്ലില്‍ ഉരുണ്ടു കളിക്കുന്ന ടെല്‍സ്‌റ്റാര്‍ പന്തിന്‍റെ ഗതിക്കൊപ്പമാകും. ഇന്ത്യന്‍ സമയം രാത്രി 8:30 മുതല്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്‌ഘാടന മത്സരം. അരമണിക്കൂര്‍ മുമ്പേ ലോകത്തെ വിസ്‌മയിപ്പിക്കാന്‍ റഷ്യ ഒരുക്കിവച്ചിരിക്കുന്ന കൗതുകങ്ങളും വര്‍ണവിസ്‌മയങ്ങളുമായി ഉദ്‌ഘാടന ചടങ്ങുകള്‍ അരങ്ങേറും. ഉദ്‌ഘാടന മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനിയന്‍ റഫറിയായ നെസ്‌റ്റര്‍ പിറ്റാനയാണ്. പിറ്റാനയെ സഹായിക്കാനായി പാബ്ലോ ബെല്ലാറ്റി, ഹെര്‍നാണ്‍ മെയ്‌ദാന എന്നിവരാണ് സൈഡ് ലൈനില്‍.
ബ്രസീലില്‍ നിന്നുള്ള സാന്ദ്രോ റിച്ചിയെ ഫോര്‍ത്ത് ഒഫീഷ്യലായി തെരഞ്ഞെടുത്തപ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള മാസിമിലിയാനോ ഇരാറ്റിയാണ് വിഡിയോ അസിസ്‌റ്റന്റ് റഫറി. അര്‍ജന്റീനയില്‍ നിന്ന് മൗറോ വിഗ്ലിയാനോ, ചിലിയില്‍ നിന്ന് കാര്‍ലോസ് അസ്‌ട്രോസ, ഇറ്റലിയില്‍ നിന്നുള്ള ഡാനിയേലെ ഒര്‍സാറ്റോ എന്നിവരാണ് അസിസ്‌റ്റന്റുമാര്‍.
തുടര്‍ച്ചയായ രണ്ട് ലോകകപ്പില്‍ റഫറിയാകുന്ന അര്‍ജന്റീനയില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് പിറ്റാന.
ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നവരില്‍ പ്രമുഖര്‍ അനവധി. ക്ലബ് ഫുട്‌ബോളിനു ചിരപരിചിതരായ ഹാരി കെയ്‌ന്‍, ഡേവിഡ് ഡി ഗിയ, ഗബ്രിയേല്‍ ജീസസ്, റാദാമെല്‍ ഫല്‍കാവോ തുടങ്ങളിയവരാണു ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ലിവര്‍പൂളിന്റെയും ഈജിപ്‌തിന്റെയും സ്‌ട്രൈക്കര്‍ മുഹമ്മദ് സലായും ലോകകപ്പില്‍ കന്നിക്കാരനാണ്. റയാല്‍ മാഡ്രിഡിനെതിരേ നടന്ന ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ തോളെല്ലിനു പരുക്കേറ്റതു സലയുടെ ലോകകപ്പ് സാധ്യതകള്‍ നൂല്‍പ്പാലത്തിലാക്കിയിരുന്നു. ശാരീരികക്ഷമത പൂര്‍ണമായും കൈവരിച്ചില്ലെങ്കിലും സലയെ കളിപ്പിക്കാനുള്ള നീക്കത്തിലാണു കോച്ച് ഹെക്‌ടര്‍ കൂപ്പര്‍. മികച്ച ഫോമിലുള്ള സല രാജ്യത്തെ ഉന്നതങ്ങളിലെത്തിക്കുമെന്നാണ് ഈജിപ്‌തുകാരുടെ പ്രതീക്ഷ.