കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിലെ പ്രവാസി കലാ കൂട്ടായ്മയായ മുജ്തബ ക്രിയേഷന്‍ ഒരുക്കിയ സംഗീത ആല്‍ബം “യാ കുവൈറ്റി മർഹബ ” പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ആല്‍ബം റിലീസ് ചെയ്തു.തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മുജ്തബ ക്രിയേഷന്‍റെ ബാനറില്‍ ദേശീയ ദിനമാഘോഷത്തിന്‍റെ ഭാഗമായി സംഗീത ആല്‍ബം ഇറക്കുന്നത്. കുവൈത്ത് ഭരണാധി കാരികള്‍ക്കും ജനതക്കും ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് സംഗീത ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത് . സ്വന്തം ജനതയോടെന്ന പോലെ വിദേശികളോടും എന്നും കരുതല്‍ കാണിക്കുന്ന രാജ്യത്തെ ഭരണാധികാരികള്‍ക്കും നേതൃത്വത്തിനും പ്രവാസി സമൂഹത്തിന്റെ ആദരവും സ്‌നേഹവും കൂടിയാണ് യാ കുവൈറ്റി മർഹബയെന്ന് ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികാഘോഷ നിറവിലാണ് ഈ വര്‍ഷത്തെ ആല്‍ബം പുറത്തിറങ്ങുന്നത്.അറബി,മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രീകരിച്ച സംഗീത ആല്‍ബത്തില്‍ 90 ളം കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയും കുവൈത്തും തമിലുള്ള ചരിത്രപരവും സാസ്കാരികപരവുമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ ആല്‍ബത്തിന് വരികള്‍ രചിച്ചിരിക്കുന്നത് ഒ.എം കരുവാരകുണ്ടാണ്. കേരളത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കെ.ജെ.കോയയും ഹബീബ് മുറ്റിച്ചൂരുമാണ്. പ്രശസ്ത ഗായകന്‍മാരായ മുഹമ്മദ് അഫ്സല്‍,ഗിരിചരന്‍, സരിത റഹ്മാന്‍ ,ഹബീബ് മുറ്റിച്ചൂര്‍ ,കെ.എസ് രഹ്ന,സിദറത്തുള്‍ മുന്തറ എന്നീവരാണ് ഗാനം ആലപിച്ചത്. ഉസ്മാന്‍ ഒമര്‍ എഡിറ്റിംഗും സാബിര്‍ ജാസ് ക്യാമറയും കലാ സംവിധാനം അമ്രാന്‍ സാംഗിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് കെ.ജെ കോയയാണ്. ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ മുജ്തബ പ്രതിനിധികളായ അഷ്‌റഫ് ചോറൂട്ട്,യുനുസ് ,അഷറഫ് കണ്ടി, ഫൈസല്‍ കുറ്റ്യാടി, സലിം കോട്ടയില്‍,നജ്മു വടകര, മുബാറക് ക്രാമ്പത്ത്,മൊയ്തു മേമി എന്നീവര്‍ പങ്കെടുത്തു