ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസില്‍ യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ജോജുവുമായി കോൺഗ്രസ് ഒത്തുതീർപ്പിലേക്ക് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു എന്നാൽ ചർച്ചയ്ക്ക് ശേഷവും ചില നേതാക്കൾ വിമർശനം തുടർന്നത്തിന്റെ പശ്ചാത്തലത്തിലാണ് നടൻ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിൽ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അദ്ദേഹത്തിൻറെ വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ജോജു മദ്യപിച്ചിരുന്നുവെന്നും, സമരക്കാരെ അസഭ്യം പറയുകയും വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്.